പുനലൂർ (കൊല്ലം): ന്യൂസീലൻഡിൽ വിസ വാഗ്ദാനം ചെയ്ത് പത്തനാപുരം പുന്നല സ്വദേശിയായ യുവാവിൽ നിന്ന് 11.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയായ യുവതി അറസ്റ്റിൽ. ഈസ്റ്റ് കല്ലട മണിവീണ വീട്ടിൽ ചിഞ്ചു അനീഷ് (45) ആണ് പിടിയിലായത്. ചിഞ്ചുവിനെതിരെ പാലാരിവട്ടം, കടവന്ത്ര എറണാകുളം നോർത്ത്, കാലടി സ്റ്റേഷനുകളിലും തട്ടിപ്പു കേസുണ്ടെന്നും പുനലൂർ എസ്എച്ച്ഒ ടി. രാജേഷ് കുമാർ പറഞ്ഞു. കാലടി സ്റ്റേഷനിൽ മാത്രം 3 കേസുണ്ട്. റിമാൻഡ് ചെയ്തു. ഇവരെയും ഭർത്താവ് അനീഷിനെയും സമാനമായ മറ്റൊരു കേസിൽ 2023 ൽ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുന്നല കറവൂർ ചരുവിള പുത്തൻ വീട്ടിൽ ജി.നിഷാദിൽ നിന്ന് 2023ൽ നാലംഗ സംഘം പണം തട്ടിയെടുത്തത്. ന്യൂസീലൻഡിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പെരുമ്പാവൂർ ആസ്ഥാനമായ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് നിഷാദ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടു പണം നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ന്യൂസീലൻഡിൽ പോകാൻ കഴിയാതായപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. ഓൺലൈൻ അഭിമുഖം നടത്തിയതും വ്യാജ ഓഫറിങ് ലെറ്റർ നൽകിയതും ചിഞ്ചു ആണെന്ന് പൊലീസ് പറഞ്ഞു. അതേസമയം കമ്പനിയുടെ എംഡിയായ ബിനിൽകുമാറാണ് ഒന്നാം പ്രതി. ഇയാൾ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടും മൂന്നും പ്രതികൾ ഒളിവിലാണ്.