കെഎസ്ആര്‍ടിസി കൊറിയർ സർവീസ് PRD
Kollam

കെഎസ്ആർടിസി കൊറിയർ സർവീസ്,കൊല്ലത്ത് വരുമാനം 9 ലക്ഷം രൂപ

രണ്ടുവര്‍ഷം മുന്‍പാണ് ജില്ലയില്‍ കൊറിയര്‍ സേവനം തുടങ്ങിയത്

Elizabath Joseph

കൊല്ലം: ജില്ലയിൽ കെഎസ്ആർടിസി ആരംഭിച്ച കൊറിയർ സർവീസ് വൻ വിജയം. ടിക്കറ്റിതര വരുമാനമെന്ന നിലയിൽ ആരംഭിച്ച കൊറിയർ സർവീസിനൊപ്പം ബസ് സ്റ്റേഷനുകളിലെ ഷോപ്പുകള്‍ വാടകയ്ക്കു നല്‍കിയും, ഡ്രൈവിംഗ് സ്‌കൂള്‍ പോലുള്ള പുതിയ സംരംഭങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ ഡിപ്പോയില്‍ നടത്തുന്ന ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി അവരെ ഡിപ്പോയിലെ വികസന പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാക്കുന്നതും പോലുള്ള പ്രവർത്തനങ്ങൾ വഴി വരുമാനത്തിൽ വലിയ മുന്നേറ്റമാണ് കൊല്ലത്ത് കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പാണ് ജില്ലയില്‍ കൊറിയര്‍ സേവനം തുടങ്ങിയത്

പ്രതിമാസം 9 ലക്ഷം രൂപ

പ്രതിമാസം ഒമ്പത് ലക്ഷം രൂപയോളം വരുമാനമാണ് കൊറിയർ സർവീസ് വഴി ജില്ലയിൽ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. നിലവില്‍ കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി ഡിപ്പോകളിലാണ് കൊറിയര്‍ സേവനം ലഭ്യം. കൊല്ലം ഡിപ്പോയില്‍ നിന്ന് പ്രതിദിനം 15,000 രൂപ വരെയും ബാക്കി ഡിപ്പോകളില്‍ 5,000 രൂപ വരെയുമാണ് വരുമാനം.

കൊറിയർ 30 രൂപാ മുതൽ

15 കിലോ വീതമാണ് പരമാവധി ഒരു പെട്ടിയില്‍ ഉള്‍ക്കൊള്ളിക്കുന്ന ഭാരം. ചെറിയ കവര്‍ മുതല്‍ ഒരു കിലോ വരെയുള്ളത് കൊറിയര്‍ സര്‍വീസിലും ഒരു കിലോ മുതല്‍ 120 കിലോവരെ പാഴ്സലായിട്ടുമാണ് അയക്കാന്‍ സാധിക്കുക. വസ്തുവിന്റെ ഭാരവും, ദൂരവും കണക്കാക്കി വ്യത്യസ്ത സ്ലാബുകളിലാണ് പാര്‍സല്‍/ കൊറിയര്‍ നിരക്ക് നിര്‍ണയം. 30 രൂപ മുതല്‍ 245 രൂപ വരെയാണ് കൊറിയര്‍ സര്‍വീസില്‍ ഈടാക്കുന്നത്. അഞ്ചുകിലോവരെ ഭാരമുള്ള വസ്തുക്കള്‍ 200 കിലോമീറ്ററിനുള്ളില്‍ പാര്‍സല്‍ അയക്കാന്‍ 110 രൂപയും, 800 കിലോമീറ്ററിനു 430 രൂപയുമാണ്. 105 മുതല്‍ 120 കിലോ വരെയുള്ള സാധനങ്ങള്‍ അയക്കാന്‍ 200 കിലോമീറ്ററിനുള്ളില്‍ 619.20 രൂപയും 800 കിലോമീറ്ററിനു 2491.20 രൂപയുമാണ്. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവയാണ് കൂടുതലും കൊറിയര്‍ സേവനത്തിലൂടെ അയക്കുന്നത്.

SCROLL FOR NEXT