നിയമസഭാ മന്ദിരം  
Kerala

യു.ഡി.എഫ് മന്ത്രിസഭ രൂപീകരണം അന്തിമഘട്ടത്തിൽ; വകുപ്പുകളിൽ ധാരണയായി, പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും

വൈകിട്ടോടെ മന്ത്രിമാരുടെ പൂർണ്ണ പട്ടിക അംഗീകാരത്തിനായി ഗവർണർക്ക് കൈമാറും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രി പദവിക്ക് പുറമെ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുമെന്നാണ് സൂചന.

Elizabath Joseph

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരെയും അവർക്കുള്ള വകുപ്പുകളെയും നിശ്ചയിക്കുന്നതിനുള്ള ഉന്നതതല ചർച്ചകൾ തലസ്ഥാനത്ത് സജീവമായി തുടരുന്നു. ഇന്ന് വൈകിട്ടോടെ മന്ത്രിമാരുടെ പൂർണ്ണ പട്ടിക അംഗീകാരത്തിനായി ഗവർണർക്ക് കൈമാറും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രി പദവിക്ക് പുറമെ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുമെന്നാണ് സൂചന. കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശൻ, അടൂർ പ്രകാശ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായത്.

പ്രധാന വകുപ്പുകൾ പ്രമുഖ നേതാക്കൾക്ക് നൽകാനാണ് കോൺഗ്രസിലെ ധാരണ. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകും. കെ. മുരളീധരൻ (ആരോഗ്യം), സണ്ണി ജോസഫ് (റവന്യൂ), എ.പി. അനിൽകുമാർ (ടൂറിസം), എം. ലിജു (എക്സൈസ്), പി.സി. വിഷ്ണുനാഥ് (വൈദ്യുതി), ചാണ്ടി ഉമ്മൻ (കായികം), ബിന്ദു കൃഷ്ണ (സാമൂഹിക ക്ഷേമം) എന്നിവർക്കായിരിക്കും മറ്റ് പ്രധാന വകുപ്പുകൾ. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്ക് പരിഗണിക്കുമ്പോൾ സി.എം.പി നേതാവ് സി.പി. ജോണിന് ഗതാഗത വകുപ്പ് ലഭിച്ചേക്കും. അതേസമയം, മന്ത്രിസ്ഥാനത്തിനായി കൂടുതൽ നേതാക്കൾ അവകാശവാദവുമായി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.

മറുഭാഗത്ത് ഘടകകക്ഷികളുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാണെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാമും വ്യക്തമാക്കി. രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും, അവർക്ക് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാനാണ് യു.ഡി.എഫ് നീക്കം. രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന ടേം വ്യവസ്ഥയോട് ഘടകകക്ഷി നേതാക്കളായ അനൂപ് ജേക്കബും മാണി സി. കാപ്പനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT