വി ഡി സതീശൻ  (ചിത്രം / ഫേസ്ബുക്ക്)
Kerala

യുഡിഎഫ് മന്ത്രിസഭയ്ക്ക് അന്തിമരൂപമായി; ആഭ്യന്തരവകുപ്പോടെ ചെന്നിത്തല മന്ത്രിസഭയിലേക്ക്

പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്

Elizabath Joseph

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളെയും സംബന്ധിച്ച് മുന്നണിയിൽ ഏകദേശ ധാരണയായി. ശനിയാഴ്ച മുഴുവൻ നീണ്ടുനിന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് വകുപ്പ് വിഭജനത്തിൽ വ്യക്തത വന്നത്. കോൺഗ്രസ് നേതാക്കളുടെയും ഘടകകക്ഷി നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യ, തുറമുഖ വകുപ്പുകൾ കൈകാര്യം ചെയ്യുമെന്നാണ് സൂചന. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് രാവിലെ എ.ഐ.സി.സിക്ക് കൈമാറുന്നതോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ എന്നിവരുടെ കാര്യത്തിൽ തീരുമാനമായപ്പോൾ ബാക്കി സ്ഥാനങ്ങളിലേക്ക് പാറക്കൽ അബ്ദുള്ള, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ ഉൾപ്പെടെയുള്ളവരെ പരിഗണിക്കുന്നുണ്ട്. ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോണും സി.എം.പിയിൽ നിന്ന് സി.പി. ജോണും മന്ത്രിമാരാകും. ഒറ്റ അംഗങ്ങളുള്ള മറ്റ് കക്ഷികളായ കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബും കെ.ഡി.പി നേതാവ് മാണി സി. കാപ്പനും മന്ത്രിസ്ഥാനം പങ്കിട്ടെടുക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മോൻസ് ജോസഫ് മന്ത്രിയാകുമെന്നുറപ്പായപ്പോൾ അവർക്ക് ഡെപ്യൂട്ടി സ്പീക്കർ പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു

കോൺഗ്രസ് പട്ടികയിൽ പ്രാദേശിക, സാമുദായിക സമവാക്യങ്ങൾ പാലിക്കാൻ കടുത്ത ചർച്ചകളാണ് നടക്കുന്നത്. സണ്ണി ജോസഫ് (റവന്യൂ), കെ. മുരളീധരൻ (ആരോഗ്യം), തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിന്ദു കൃഷ്ണ, എം. ലിജു (എക്സൈസ്), പി.സി. വിഷ്ണുനാഥ് എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പിച്ചിട്ടുണ്ട്. ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരിലൊരാളെയും അതോടൊപ്പം റോജി എം. ജോൺ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, വി.ടി. ബൽറാം എന്നിവരെയും സജീവമായി പരിഗണിക്കുന്നുണ്ട്. സ്പീക്കർ, ചീഫ് വിപ്പ് പദവികൾ നിശ്ചയിക്കുന്നതിനനുസരിച്ചാവും ഇതിൽ അന്തിമ തീരുമാനം. ഇന്ന് ഉച്ചയോടെ പൂർണ്ണ പട്ടിക ഗവർണർക്ക് കൈമാറുകയും തിങ്കളാഴ്ച തിരുവനന്തപുരത്ത് എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.

SCROLL FOR NEXT