ദില്ലിയിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പൊലീസിന് നിർദേശം നൽകി. ജനബാഹുല്യം കൂടുതലുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ , ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കാണുന്ന പക്ഷം 112 ൽ അറിയിക്കേണ്ടതാണ് എന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെയാണ് ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് കാര്‍ പൊട്ടിത്തെറിച്ചത്. കാർ ഹരിയാന രജിസ്ട്രേഷനിലുള്ള ഐ20 കാറാണ് ഓടിക്കൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. ഇരുപതോളം പേരുടെ നില ഗുരുതരമായി തുടരുന്നു.
വേഗം കുറച്ചെത്തിയ കാർ ട്രാഫിക് സിഗ്നലിനു സമീപമാണ് പൊട്ടിത്തെറിച്ചത്. ഒന്നരകിലോമീറ്ററിലധികം ദൂരത്തേക്ക് സ്ഫോടനശബ്ദം കേട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപമുണ്ടായിരുന്ന എട്ടു കാറുകളും ഇലക്ട്രിക് റിക്ഷകളും പൊട്ടിത്തെറിച്ചു. പരുക്കേറ്റവരെ ഡൽഹി എൽഎൻജിപി ആശുപത്രിയിലാണ് ചികിത്സയില് പ്രവേശിപ്പിച്ചിരിക്കുന്നത്,