ജുഡീഷ്യൽ സിറ്റി രൂപരേഖ PRD
Kerala

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി വരുന്നു, മന്ത്രിസഭയുടെ അംഗീകാരം കിട്ടി

27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്

Elizabath Joseph

എറണാകുളം നഗരത്തിൽ സ്ഥിതി ചെയ്യുന്ന കേരളാ ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റിസ്ഥാപിക്കാൻ മന്ത്രിസഭ അംഗീകാരം നല്കി. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യല്‍ സിറ്റി എച്ച്എംടിയിൽ നിന്നും ഏറ്റെടുക്കുന്ന 27 ഏക്കറിലാണ് വരിക. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരമാണ് മന്ത്രിസഭ നല്കിയത്.

കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായി ജൂഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നു.

പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്. ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമ്മാണവുമുൾപ്പെടെ 1000 കോടിയിൽപരം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശ്ശേരിയാണെന്ന് നിയമമന്ത്രി പി.രാജീവും ഹൈക്കോടതി ജഡ്ജിമാരും നടത്തിയ സ്ഥലപരിശോധനക്കു ശേഷം വിലയിരുത്തിയിരുന്നു.

നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുമുണ്ടെന്നും ഈ സാഹചര്യത്തിലാണ് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

2023 ലെ മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുടേയും നേതൃത്വത്തില്‍ കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്.

SCROLL FOR NEXT