തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തീവ്രമായ സാഹചര്യത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻപ് രണ്ട് താലൂക്കുകൾക്ക് മാത്രം അവധി നൽകിയിരുന്ന ആലപ്പുഴ ജില്ലയിൽ ഇന്ന് പുലർച്ചെയോടെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും (കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ) ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
അതിനിടെ, മഴ വൻതോതിൽ കനത്തതോടെ കാലാവസ്ഥാ വകുപ്പ് പുലർച്ചെ മുന്നറിയിപ്പുകൾ പുതുക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ 3 മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും മിന്നലോടു കൂടിയ പെരുമഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ട് നിലവിലുണ്ട്.