തിരുവനന്തപുരം: സർക്കാർ വാടകയ്ക്കെടുത്തിട്ടുള്ള ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി പ്രതിപക്ഷം. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
എന്നാൽ, കൊച്ചിയിൽ മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക കൂടിക്കാഴ്ചകൾ ഉണ്ടായിരുന്നുവെന്നും അതിനായി നടത്തിയ യാത്രയ്ക്കിടയിലാണ് ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിച്ചതെന്നും മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. കാലാവസ്ഥ മോശമായതിനെ തുടർന്ന് രാവിലെ പുറപ്പെട്ട ഹെലികോപ്റ്റർ തിരുവനന്തപുരത്ത് തിരിച്ചിറക്കേണ്ടി വരികയും, പിന്നീട് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീണ്ടും പുറപ്പെട്ട് രണ്ട് മണിയോടെ നെടുമ്പാശേരിയിൽ ലാൻഡ് ചെയ്യുകയുമായിരുന്നു.
പ്രതിമാസം 80 ലക്ഷം രൂപ വാടകയിനത്തിൽ നൽകുന്ന ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ഈ മാസം അവസാനിക്കാനിരിക്കുകയാണ്. ഒരു മാസം 25 മണിക്കൂർ സൗജന്യ പറക്കൽ അനുവദിച്ചിട്ടുള്ള കരാർ നീട്ടാൻ സംസ്ഥാന പോലീസ് മേധാവി ശുപാർശ നൽകിയിട്ടുള്ള സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയം വീണ്ടും ആയുധമാക്കുന്നത്.