തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന ഗ്യാരണ്ടികളിൽ ആദ്യ ഘട്ട പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് ജനപ്രിയ പ്രഖ്യാപനങ്ങൾ അദ്ദേഹം വിശദീകരിച്ചത്. ഗ്യാരണ്ടികളിൽ പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ സംസ്ഥാനത്ത് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഏറ്റവും മികച്ച രീതിയിൽ ഈ സംവിധാനം നടപ്പിലാക്കിയ ജപ്പാൻ മാതൃക പരിശോധിച്ചാവും കേരളത്തിലും വയോജന വകുപ്പ് രൂപീകരിക്കുക.
പ്രതിപക്ഷത്തിരുന്നപ്പോഴും തിരഞ്ഞെടുപ്പ് കാലത്തും വിവിധ മേഖലകളിലെ താൽക്കാലിക-കരാർ ജീവനക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ടാണ് ആദ്യ മന്ത്രിസഭായോഗം പിരിഞ്ഞത്. സമരപ്പന്തലിൽ നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് ആശാ (ASHA) വർക്കർമാരുടെ വേതനത്തിൽ ആദ്യഘട്ടമായി 3000 രൂപയുടെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് അടുത്ത ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കണവാടി ജീവനക്കാരുടെയും സഹായികളുടെയും പ്രശ്നങ്ങൾ വിസ്മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, അവരുടെ ഓണറേറിയത്തിൽ 1000 രൂപയുടെ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലെ സാധാരണക്കാരായ തൊഴിലാളികൾക്കും ആദ്യ കാബിനറ്റ് യോഗം ആശ്വാസമേകി. സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർദ്ധിപ്പിച്ചു. ഇതിനൊപ്പം പ്രീ-പ്രൈമറി സ്കൂൾ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വർദ്ധനവ് വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക ബാധ്യതകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഈ പ്രഖ്യാപനങ്ങളെല്ലാം നടത്തിയിട്ടുള്ളതെന്നും ജനങ്ങൾക്ക് നൽകിയ എല്ലാ ഗ്യാരണ്ടികളും ഘട്ടം ഘട്ടമായി സർക്കാർ പൂർണ്ണമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.