'സേഫ് ടു ഈറ്റ്' പദ്ധതിയുടെ 71-ാമത് റിപ്പോർട്ട്  
Kerala

പഴങ്ങളും പച്ചക്കറികളും എത്രത്തോളം സുരക്ഷിതം? 'സേഫ് ടു ഈറ്റ്' പദ്ധതിയുടെ പുതിയ റിപ്പോർട്ട്

വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയിൽ നടപ്പിലാക്കി വരുന്ന 'സേഫ് ടു ഈറ്റ്' പദ്ധതിയുടെ 71-ാമത് റിപ്പോർട്ട് പുറത്തുവന്നു.

Elizabath Joseph

നമ്മൾ കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും എത്രത്തോളം സുരക്ഷിതമാണ്? കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയിൽ നടപ്പിലാക്കി വരുന്ന 'സേഫ് ടു ഈറ്റ്' പദ്ധതിയുടെ 71-ാമത് റിപ്പോർട്ട് പുറത്തുവന്നു. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ പരിശോധന ഫലങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കേരളത്തിലെ ആലപ്പുഴ, എറണാകുളം, കൊല്ലം, മലപ്പുറം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലെ വിവിധ ബ്ലോക്കുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും നേരിട്ട് ശേഖരിച്ച പഴം, പച്ചക്കറി സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മൊത്തം ശേഖരിച്ച 178 സാമ്പിളുകളിൽ പരിശോധിച്ചതിൽ 4 സാമ്പിളുകളിൽ (2.25%) എഫ്എസ്എസ്എഐ/കോഡക്സ് (FSSAI/CODEX) നിശ്ചയിച്ചിരിക്കുന്ന അനുവദനീയ പരിധിയ്ക്ക് മുകളിലായി കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

എറണാകുളം തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ കടയിൽ നിന്ന് ഏപ്രിൽ 2026-ൽ ശേഖരിച്ച കറുത്ത മുന്തിരി സാമ്പിളിൽ 0.70 ppm 'തയാമെത്തോക്സാം' കണ്ടെത്തി.

തിരുവനന്തപുരം വാമനപുരം ബ്ലോക്കിലെ വെഞ്ഞാറമൂടുള്ള കടയിൽ നിന്ന് മേയ് 2026-ൽ ശേഖരിച്ച തക്കാളി സാമ്പിളിൽ 0.07 ppm 'ഒമെത്തോയേറ്റ്' കണ്ടെത്തി.

മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലുള്ള വളാഞ്ചേരിയിലെ കടയിൽ നിന്ന് ജൂൺ 2026-ൽ ശേഖരിച്ച ബീറ്റ്റൂട്ട് സാമ്പിളിൽ 0.17 ppm 'ക്ലോറൻട്രാനിലി പ്രോൾ' കണ്ടെത്തി. കൂടാതെ മലപ്പുറം താനൂർ മുനിസിപ്പാലിറ്റിയിലെ 'പി.ജി. വെജിറ്റബിൾ സ്റ്റോർ' എന്ന കടയിൽ നിന്ന് ജൂൺ 2026-ൽ ശേഖരിച്ച ബീറ്റ്റൂട്ട് സാമ്പിളിലും 0.14 ppm 'ക്ലോറൻട്രാനിലി പ്രോൾ' കണ്ടെത്തി.

അതേസമയം, ആപ്പിൾ, വെണ്ടയ്ക്ക, കാരറ്റ്, ഓറഞ്ച്, മാമ്പഴം, നെല്ലിക്ക, പച്ചമുളക് തുടങ്ങിയ 44 ഇനം പഴം-പച്ചക്കറികളിൽ കീടനാശിനി അവശിഷ്ട വിഷാംശ തോത് അനുവദനീയ പരിധിക്ക് താഴെയാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾക്ക് കാർഷിക സർവകലാശാലയുമായോ ഭക്ഷ്യ സുരക്ഷാ വകുപ്പുമായോ ബന്ധപ്പെടാവുന്നതാണ്.

SCROLL FOR NEXT