കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് ഒരു മാസത്തേക്ക് പരോള്‍. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പരോളിന് പിന്നാലെ പീതാംബരന്‍ ജില്ലയില്‍ എത്തി.
2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം. കേസിൽ പീതാംബരൻ ഉൾപ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.