കോഴിക്കോട് നഗരത്തിൽ മഴയ്ക്ക് നേരിയ കുറവുണ്ട്. 
Kerala

ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.

Safvana Jouhar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ശബരിമല വനമേഖലയില്‍ മഴയുടെ അളവ് കുറഞ്ഞു. പമ്പാനദിയില്‍ ജലനിരപ്പ് താഴ്ന്നേക്കും. എന്നാല്‍ റാന്നിയിലും ആറന്മുളയിലും വെള്ളം താഴ്ന്ന് തുടങ്ങിയെങ്കിലും വെള്ളപ്പൊക്ക ഭീതിയൊഴിയൊഴിഞ്ഞിട്ടില്ല. അച്ചന്‍കോവിലാര്‍, കക്കാട്, കല്ലാര്‍ നദീതീരങ്ങളിലും ആശങ്കയുണ്ട്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. മാമുക്ക്, ചെത്തോങ്കര വഴി വണ്ടികൾ കടത്തിവിട്ട് തുടങ്ങി.

കണ്ണൂരില്‍ കനത്ത മഴയ്ക്ക് ശമനമില്ല. മലയോര മേഖലകളില്‍ വ്യാപകമായ നാശനഷ്ടമുണ്ടായി. വയനാട്ടിലേക്കുള്ള രണ്ട് ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തേജ്വസ്വിനി, കാര്യങ്കോട് പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. വയനാട്ടില്‍ മഴക്ക് നേരിയ ശമനമുണ്ട്. താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ മഴയ്ക്ക് നേരിയ കുറവുണ്ട്. ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 364 പേർ കഴിയുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്.

ഇടുക്കിയില്‍ ഇടവിട്ട് മഴ തുടരുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കല്ലാര്‍കുട്ടി, കല്ലാര്‍, പാംബ്ല, മലങ്കര ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജില്ലയിലെ രാത്രിയാത്രാ നിരോധനം തുടരും. എറണാകുളത്ത് തീരദേശമേഖലകളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചെല്ലാനം കണ്ണമാലി മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും ജലനിരപ്പ് അപകടനില പിന്നിട്ടു.

SCROLL FOR NEXT