കൊച്ചി: ബലാത്സംഗക്കേസിൽ ഹിരൺ ദാസ് മുരളി എന്ന റാപ്പര്‍ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി.
കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. യുവഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വേടന്‍റെ അറസ്റ്റ് തടഞ്ഞത്.
തിങ്കളാഴ്ചക്കുള്ളിൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയോട് കോടതി ആവശ്യപ്പെട്ടു. തെളിവുകൾ സമർപ്പിക്കാനായി പരാതിക്കാരിയുടെ അഭിഭാഷക കൂടുതൽ സമയം ആവശ്യപ്പെട്ടതിന തുടർന്നാണ് തീരുമാനം.
വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും തുടർന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാന്നുമാണ് പരാതിക്കാരി വാദിച്ചത്. എന്നാൽ, വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ബാധകമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അതോടൊപ്പം പരാതിക്കാരിയുടെ വിഷാദരോഗം സംബന്ധിച്ച വാദത്തില്‍ ബന്ധം തകർന്നതും വിഷാദരോഗത്തിന് കാരണമാകാം എന്നല്ലാതെ, അതു മാത്രമാകണം കാരണം എന്നില്ലെന്നും വ്യക്തികൾക്കനുസരിച്ച് ഇക്കാര്യം വ്യത്യാസപ്പെട്ടിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു
വേടനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടെന്ന് പരാതിക്കാരി അറിയിച്ചു. എന്നാൽ, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാവുവെന്ന് കോടതി അറിയിച്ചു.