തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ ജോലിസമയത്തിൽ ആരോഗ്യവകുപ്പ് മാറ്റം വരുത്തി. പുതിയ ഉത്തരവ് പ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി. സമയം ഉച്ചയ്ക്ക് ഒരു മണിയിൽ നിന്നും രണ്ട് മണി വരെയായി ദീർഘിപ്പിച്ചു. രാവിലെ എട്ട് മണിക്ക് തന്നെ ഒ.പി. പ്രവർത്തനങ്ങൾ ആരംഭിക്കണം. വിവിധ തസ്തികകളിലുള്ള ഡോക്ടർമാരുടെ ഉത്തരവാദിത്തങ്ങൾ പുനർനിർണ്ണയിച്ചുകൊണ്ടാണ് ഈ പരിഷ്‌കരണം.
പുതിയ നിർദ്ദേശപ്രകാരം മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയുടെ എട്ട് കിലോമീറ്റർ ചുറ്റളവിൽ താമസിക്കണം. ഇവർക്ക് യാത്രയ്ക്കായി ആശുപത്രി വാഹനങ്ങൾ വിട്ടുനൽകും. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് പരിഹരിക്കാൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം നിലവിലുള്ളവരുടെ ജോലിസമയം വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.ഒ.എ. (KGMOA) വ്യക്തമാക്കി. ജോലിഭാരം അമിതമാക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ഗവണ്മെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.