ISL Match in Kochi
Ernakulam

ഐ.എസ്.എല്‍ മത്സരം ;കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

വൈകുന്നേരം നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) മത്സരത്തിനായെത്തുന്ന കാണികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍.

Elizabath Joseph

ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫെബ്രുവരി 28ന് (ഇന്ന്) നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി - ഇന്റര്‍ കാശി എഫ്.സി പോരാട്ടത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.  വൈകുന്നേരം നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) മത്സരത്തിനായെത്തുന്ന കാണികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍.

പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍

മത്സരം കാണാനെത്തുന്നവര്‍ വാഹനങ്ങള്‍ സ്റ്റേഡിയം പരിസരത്ത് പാര്‍ക്ക് ചെയ്യുന്നതിന് പകരം മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. 
വൈപ്പിന്‍, പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് വരുന്ന  വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ ഗതാഗത തടസ്സമില്ലാതെ പാര്‍ക്ക് ചെയ്ത ശേഷം മെട്രോയോ പൊതുഗതാഗതമോ ഉപയോഗിച്ച് സ്റ്റേഡിയത്തില്‍ എത്തണം.

പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം ഭാഗത്ത് നിന്നുള്ളവര്‍ ആലുവ ഭാഗത്തോ കണ്ടെയ്‌നര്‍ റോഡിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം മെട്രോയോ പൊതുഗതാഗതമോ ഉപയോഗിക്കണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍  തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ പാര്‍ക്കിംഗ് ക്രമീകരിക്കണം. 

ആലപ്പുഴ ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ കണ്ടെയ്‌നര്‍ റോഡ്, വൈറ്റില ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

വൈകുന്നേരം മൂന്ന് മണിക്ക് ശേഷം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല.
ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൊറ്റക്കുഴി-മാമല റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് വഴി യാത്ര ചെയ്യണം.
ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ടവര്‍ വൈറ്റില ജംഗ്ഷന്‍, എസ്.എ റോഡ് വഴി പോകേണ്ടതാണ്.

SCROLL FOR NEXT