എറണാകുളം: കൊച്ചിയെന്നും സഞ്ചാരികൾക്ക് ആവേശവും കൗതുകവും നല്കുന്ന നഗരമാണ്. കാണാൻ ഒരുപാടുണ്ടെങ്കിലും എല്ലാമൊന്നും കണ്ടുതീർക്കാൻ ഒറ്റയാത്രയിൽ കഴിഞ്ഞെന്ന് വരില്ല. പിന്നെ സാധിക്കുന്ന സ്ഥലങ്ങളത്രയും കണ്ട് മടങ്ങുന്നതാണ് സന്ദർശകരുടെ രീതി. കൊച്ചിയിൽ കറങ്ങാൻ ഏറ്റവും നല്ല മാര്‍ഗം ഏതെന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്. സഞ്ചാരികൾ വലിയ ആവേശത്തോടെയാണ് ഈ ബസിനെ സ്വീകരിച്ചത്.
ഇപ്പോഴിതാ, കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ ടി സി ബഡ്‌ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണം ആയി ഉയർത്തിയിരിക്കുകയാണ്. വൈകുന്നേരം 4.00 മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്നും ആദ്യ ട്രിപ്പും,വൈകിട്ട് 6.30 രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് വൈകിട്ട് 9 മണിക്കും ആയിരിക്കും ആരംഭിക്കുക. കൂടാതെ അപ്പർ ഡക്ക് ചാർജ് 200 രൂപയായും,ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചിരിക്കുന്നു.
എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പിയാർഡ്, മഹാരാജാസ് കോളേജ്,സുഭാഷ് പാർക്ക് വഴി ജെട്ടിയിൽ തിരിച്ച് എത്തുന്ന രീതിയിൽ ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചിയിലെ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക് ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ കയറി Starting from ൽ “Kochi City Ride” എന്നും Going To ൽ “Kochi” എന്നും enter ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്.