Ernakulam

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Safvana Jouhar

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് പരാതി നൽകി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തലയോലപ്പറമ്പ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 'ആക്ഷൻ ഹീറോ ബിജു 2' എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന നടന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ആക്ഷൻ ഹീറോ ബിജു 2-ന്റെ അവകാശം(rights) നൽകി ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

പിന്നീട് ഇത് മറച്ചുവെച്ച് മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നും എഫ്ഐആറിൽ പറയുന്നു. നിവിൻ പോളിയുടെ 'പോളി ജൂനിയർ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരിൽ മുൻകൂറായി കൈപ്പറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും വ്യക്തമാക്കുന്നു.

SCROLL FOR NEXT