തിരുവനന്തപുരം/കണ്ണൂർ: രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാടക വീട്ടിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. വിവാദമായ എക്‌സാലോജിക് - സി.എം.ആർ.എൽ. (CMRL) സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (PMLA) കേസിലാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണ്ണായക നീക്കം. പിണറായി വിജയന്റെ തിരുവനന്തപുരത്തുള്ള വാടക വാടക വീട്ടിലാണ് ഇ.ഡി അധികൃതർ പരിശോധന നടത്തുന്നത്. റെയ്ഡ് നടക്കുമ്പോൾ പിണറായി വിജയനും അദ്ദേഹത്തിന്റെ മകൾ വീണാ വിജയനും തിരുവനന്തപുരത്തെ വസതിയിലുണ്ടെന്നാണ് വിവരം.
ഇടപാടുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ ഉൾപ്പെടെയുള്ള മറ്റ് പന്ത്രണ്ടോളം കേന്ദ്രങ്ങളിലും ഇ.ഡി. ഒരേസമയം പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേസിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണവും സമൻസുകളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പൂർണ്ണമായി തള്ളിയിരുന്നു. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കമ്പനി അധികൃതർ അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടപടികളിലേക്ക് ഇ.ഡി കടന്നത്.