തിരുവനന്തപുരം: എക്‌സാലോജിക് - സി.എം.ആർ.എൽ. പണമിടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിലടക്കം ഇ.ഡി നടത്തിയ റെയ്ഡിൽ നിർണ്ണായക നീക്കങ്ങൾ. റെയ്ഡിനെത്തുടർന്ന് 18.36 കോടി രൂപ അടങ്ങുന്ന 242 ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. മരവിപ്പിച്ചവയിൽ വീണ വിജയന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടും സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ബാങ്ക് നിക്ഷേപങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റ് അക്കൗണ്ട് വിവരങ്ങൾ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ഭാഗത്തുനിന്നും ആസൂത്രിതമായ ആക്രമണമുണ്ടായി. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പുവടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് കാറുകൾ തകരുകയും ഒരു ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത തമ്പാനൂർ പോലീസ്, ഡി.വൈ.എഫ്.ഐ നേമം ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവർ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇതിനിടെ പ്രതികളെ തേടി സി.പി.എം പാളയം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയും മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ഇടപെട്ട് ചർച്ച നടത്തുകയും ചെയ്തു.