നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ ഇന്ന് കൈമാറും. PRD
Kerala

കേരളത്തിന്റെ പാലിയേറ്റീവ് പരിചരണ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കാനുള്ള താത്പര്യം ഡെൻമാർക്ക് സംഘം അറിയിച്ചു.

Elizabath Joseph

കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞു. വയോജന പരിപാലനത്തിലും പാലിയേറ്റീവ് കെയറിലും കേരളത്തിന്റെ പിന്തുണ സംഘം അഭ്യർത്ഥിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തുകയായിരുന്നു സംഘം.

വയോജന പരിപാലനത്തിന് കേരളം വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വയോജന പരിപാലനത്തിനായി ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വയോജന പരിപാലനത്തിന് പ്രത്യേകം പ്രാധാന്യം നൽകി ജെറിയാട്രിക് വിഭാഗം ആരംഭിച്ചു. പാലീയേറ്റീവ് രോഗികളുടെ പരിചരണത്തിനായി സമഗ്ര പാലിയേറ്റീവ് കെയർ പദ്ധതി 'കേരള കെയർ' ആരംഭിച്ചു. എല്ലാ കിടപ്പ് രോഗികൾക്കും പരിശീലനം സിദ്ധിച്ച ഒരു സന്നദ്ധ സേവകന്റെ സേവനം ഉറപ്പാക്കി. ഗൃഹാധിഷ്ഠിത പരിചരണം ഉറപ്പാക്കാനായി പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കാനുള്ള താത്പര്യം ഡെൻമാർക്ക് സംഘം അറിയിച്ചു. കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ ജനുവരി 8ന് കൈമാറും.

ഡെൻമാർക്ക് സംഘം നഴ്സിംഗ് കോളേജ് സന്ദർശിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുമായും സംഘം സംവദിച്ചു.

ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസൻ, മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡൈ്വസർ എസ്പൻ ക്രോഗ്, എംബസിയിൽ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്ലാവത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

SCROLL FOR NEXT