അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. കോരി ചൊരിയുന്ന മഴ, ഇരുട്ടുമുറ്റി നിന്ന രാത്രി. എന്നിട്ടും പിന്തിരിഞ്ഞുപോകാതെ ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാൻ തടിച്ചുകൂടി നിന്നു. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം.
വി എസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് സംസ്കാരം വലിയ ചുടുകാട്ടിൽ.