ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്ക് നാലാം വട്ടം മികച്ച നടൻ പുരസ്കാരം 
Kerala

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിളക്കം;മമ്മൂട്ടിക്ക് 4-ാംവട്ടം മികച്ച നടൻ പുരസ്കാരം

'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്കാരം പങ്കിട്ടു

Elizabath Joseph

ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച നേട്ടവുമായി മലയാള സിനിമ. സിനിമാ ലോകം ആകാംഷയോടെ കാത്തിരുന്ന മികച്ച നടനുള്ള പുരസ്കാരം മെഗാസ്റ്റാർ മമ്മൂട്ടി സ്വന്തമാക്കി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായുള്ള തകർപ്പൻ പ്രകടനമാണ് മമ്മൂട്ടിയെ നാലാം തവണയും രാജ്യത്തെ മികച്ച നടനാക്കിയത്. 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്കാരം പങ്കിട്ടു. 'ആർട്ടിക്കിൾ 370' എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇതേ ചിത്രം തന്നെയാണ് മികച്ച സിനിമയായും തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളത്തിന് അഭിമാനമായി ഗായിക വൈക്കം വിജയലക്ഷ്മിയും പുരസ്കാരപ്പട്ടികയിൽ ഇടംപിടിച്ചു. 'അജയന്റെ രണ്ടാം മോഷണം' (ARM) എന്ന ചിത്രത്തിലെ 'അങ്ങു വാന കോണില്' എന്ന ഗാനത്തിനാണ് വിജയലക്ഷ്മിയെ മികച്ച ഗായികയായി ജൂറി തിരഞ്ഞെടുത്തത്. ഭ്രമയുഗത്തിന്റെ ദൃശ്യമികവൊരുക്കിയ ഷഹ്നാദ് ജലാൽ മികച്ച ഛായാഗ്രാഹകനായി. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, തെന്നിന്ത്യൻ താരം ധനുഷിന് 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 'അമരൻ' എന്ന ചിത്രത്തിലൂടെ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള പുരസ്കാരവും ആർ. കലൈവണ്ണൻ മികച്ച എഡിറ്റർക്കുള്ള പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ ജയരാജ് അധ്യക്ഷനായ ജൂറിയാണ് 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളിൽ നിന്ന് പുരസ്കാര വിജയികളെ പ്രഖ്യാപിച്ചത്. അതേസമയം ബോക്സ് ഓഫീസിൽ തരംഗമായ 'മഞ്ഞുമ്മൽ ബോയ്സ്', 'കിഷ്കിന്ധാ കാണ്ഡം' എന്നീ ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ ഒന്നും നേടാനാകാത്തത് മലയാളികൾക്ക് നിരാശയായി.

SCROLL FOR NEXT