കേരളത്തിൽ ആധുനിക ഫുഡ് സ്ട്രീറ്റുകൾ  PRD
Kerala

പേടിയില്ലാതെ രുചികരമായ സ്ട്രീറ്റ്ഫൂഡ് കഴിക്കാം, കേരളത്തിൽ നാലിടങ്ങളിൽ ആധുനിക ഫൂഡ് സ്ട്രീറ്റുകൾ

കേരളത്തിൽ നാലിടങ്ങളിൽ ആധുനിക ഫൂഡ് സ്ട്രീറ്റുകൾ

Elizabath Joseph

കോഴിക്കോട്: ഭക്ഷണം എത്ര രുചികരമാണെന്നു പറഞ്ഞാലും സ്ട്രീറ്റ്ഫൂഡ് പരീക്ഷിക്കുവാൻ പലർക്കും ഒരു ധൈര്യക്കുറവുണ്ട്. എന്നാൽ ഇനി പേടിയൊക്കെ മാറ്റിവെക്കാം. രുചിപ്രേമികൾക്കായി കേരളത്തിൽ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമായിരിക്കുകയാണ്.

‘മോഡണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന് വകുപ്പിന്റെ ഒരു കോടി രൂപയ്ക്ക് പുറമെ അധികമായി ജി.സി.ഡി.എ.യുടെ വിഹിതമായി 30 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകൾ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഈ ഫുഡ് സ്ട്രിറ്റുകൾ ഫുഡ് ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയും പ്രാദേശിക തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ തെരുവോര കച്ചവടത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റുകയും ഇതൊരു പുതിയ ടൂറിസം ആകർഷണമായി മാറ്റുകയും ചെയ്യും എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഭക്ഷ്യ സംരംഭകർക്കും പൊതുജനങ്ങൾക്കും ഇടയിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക, അതിലൂടെ ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുക, ആരോഗ്യം മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നു.

കേരളത്തിലെ 4 ഫുഡ് സ്ട്രീറ്റുകളിൽ ആദ്യം പൂർത്തിയായത് എറണാകുളം കസ്തൂർബ നഗർ ഫുഡ് സ്ട്രീറ്റാണ്. കൊച്ചി കോർപ്പറേഷന്റെയും ജി.സി.ഡി.എ.യുടെയും നിയന്ത്രണത്തിലാണ് ഈ ഫുഡ് സ്ട്രീറ്റ് പ്രവർത്തിക്കുന്നത്. ഫുഡ് സ്ട്രീറ്റിന്റെ മേൽനോട്ട ചുമതല ഭക്ഷ്യ സുരക്ഷാ വകുപ്പിനാണ്.

SCROLL FOR NEXT