കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ മനോജ് അഗർവാളിനെ നിയമിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നാരിയലയെ ഡൽഹിയിലെ പ്രിൻസിപ്പൽ റെസിഡന്റ് കമ്മീഷണറായി മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഗവർണർ പുറപ്പെടുവിച്ചു. ഐ.ഐ.ടി കാൻപുർ പൂർവ്വ വിദ്യാർത്ഥിയായ മനോജ് അഗർവാൾ 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സീനിയോറിറ്റി പരിഗണിച്ചുള്ള ഈ നിയമനത്തെ ബി.ജെ.പി സ്വാഗതം ചെയ്തു.
മുഖ്യമന്ത്രി സുവേന്ദു അധികാരിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത അഞ്ച് മന്ത്രിമാരുടെ വകുപ്പുകളും സർക്കാർ പ്രഖ്യാപിച്ചു. പ്രധാന വകുപ്പുകൾ ഇങ്ങനെയാണ്:
ദിലീപ് ഘോഷ്: ഗ്രാമവികസനം, പഞ്ചായത്ത് രാജ്, മൃഗസംരക്ഷണം.
അഗ്നിമിത്ര പോൾ: വനിതാ-ശിശു വികസനം, സോഷ്യൽ വെൽഫെയർ, മുനിസിപ്പൽ അഫയേഴ്‌സ്.
അശോക് കിർത്താനിയ: ഭക്ഷ്യ-സിവിൽ സപ്ലൈസ്.
ഖുദിറാം ടുഡു: പിന്നാക്ക വിഭാഗ ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, മദ്രസ വിദ്യാഭ്യാസം.
നിസിത് പ്രമാണിക്: നോർത്ത് ബംഗാൾ വികസനം, കായികം, യുവജനക്ഷേമം.
മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കേന്ദ്ര പദ്ധതികളായ ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന എന്നിവ സംസ്ഥാനത്ത് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.