India

ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്; ഒപ്പം ലോകകപ്പ് പ്രവേശനവും!

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചു.

Safvana Jouhar

രാജ്ഗിർ: ഏഷ്യാ കപ്പ് ഫൈനലിൽ ദക്ഷിണ കൊറിയയെ തകർത്ത് ഹോക്കി കിരീടത്തിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചു.

മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ സുഖ്ജീത് സിങ്ങ് ഇന്ത്യയ്ക്കായി വല കുലുക്കി. അതോടെ ആരംഭത്തിൽ തന്നെ ദക്ഷിണ കൊറിയ പ്രതിരോധത്തിലായി. ലീഡെടുത്തതിന് പിന്നാലെ ഇന്ത്യ മുന്നേറ്റം തുടർന്നു. പലതവണ ദക്ഷിണ കൊറിയൻ ഗോൾമുഖത്ത് ഇന്ത്യൻ താരങ്ങൾ ഇരച്ചെത്തി. ആദ്യ ക്വാർട്ടറിൽ ഒരു ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു. രണ്ടാം ക്വാർട്ടറിൽ തിരിച്ചടി ലക്ഷ്യമിട്ട് കൊറിയയും മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. അതിനിടെ ദിൽപ്രീത് സിങ്ങിലൂടെ ഇന്ത്യ രണ്ടാം ഗോളും കണ്ടെത്തി. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 2-0 ന് മുന്നിട്ടു നിന്നു. പിന്നീടങ്ങോട്ട് ഇന്ത്യ ദക്ഷിണ കൊറിയൻ ഗോൾവല നിറയ്ക്കുന്നതാണ് കണ്ടത്.

മൂന്നാം ക്വാർട്ടറിന്റെ അവസാനം ദിൽപ്രീത് സിങ് വീണ്ടും ഇന്ത്യയ്ക്കായി ഗോളടിച്ചു. അതോടെ കൊറിയ അക്ഷരാർഥത്തിൽ പ്രതിരോധത്തിലായി. നാലാം ക്വാർട്ടറിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് അമിത് രോഹിദാസ് ഇന്ത്യയുടെ നാലാം ഗോളും നേടി. പിന്നാലെ കൊറിയ ഒരു ഗോൾ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി കിരീടത്തിൽ മുത്തമിട്ടു.

SCROLL FOR NEXT