India

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം; വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയാണ് ഇനി നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷി.

Elizabath Joseph

ചെന്നൈയിൽ അരങ്ങേറിയ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് സി. ജോസഫ് വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കും. രാവിലെ 10ന് ജവാഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിജയ്‌ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 1967-ന് ശേഷം ദ്രാവിഡ കക്ഷികളല്ലാത്ത ഒരു സർക്കാർ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ മന്ത്രിസഭയ്ക്കുണ്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സാക്ഷ്യം വഹിക്കും.

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ ഉറപ്പാക്കിയതോടെയാണ് വിജയിന്റെ സർക്കാർ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്. കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), മുസ്ലിം ലീഗ് (2), വിസികെ (2) എന്നീ പാർട്ടികളുടെ പിന്തുണയോടെ വിജയിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 120 ആയി ഉയർന്നു. ഇതിൽ കോൺഗ്രസ് മന്ത്രിസഭയുടെ ഭാഗമാകുമ്പോൾ മറ്റ് കക്ഷികൾ പുറത്തുനിന്നാണ് പിന്തുണ നൽകുന്നത്. എസ്. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാർ. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

വിജയ് അധികാരം ഉറപ്പിച്ചതോടെ ഡിഎംകെ - അണ്ണാഡിഎംകെ സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിച്ചു. എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയാണ് ഇനി നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷി. സഖ്യം വിട്ട കോൺഗ്രസ് ഒഴികെയുള്ള മറ്റ് കക്ഷികൾക്ക് സ്റ്റാലിൻ നന്ദി അറിയിക്കുകയും ഡിഎംകെ സഖ്യം ശക്തമായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം, അണ്ണാഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസാമി പുതിയ സർക്കാരിന് ആശംസകൾ നേർന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ്‌നാട് വിടപറയുന്ന കാഴ്ചയ്ക്കാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

SCROLL FOR NEXT