ഉത്തരകാശിയിലുണ്ടായ മിന്നല‍് പ്രളയം  @mufaddal_vohra/X
India

ഉത്തരകാശി മേഘവിസ്ഫോടനം; നാല് മരണം, ആളുകളും വീടുകളും ഒലിച്ചുപോയി

ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായി

Elizabath Joseph

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും അഞ്ച് പേർ മരിച്ചു. അൻപതിലധികം ആളുകളെ കാണാതായി,നിരവധി ആളുകൾ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ ഒലിച്ചുപോയി. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.

ധരാലി ഗ്രാമത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലോടെയാണ് മിന്നൽ പ്രളയം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. കുന്നിനു മുകളിൽ നിന്നുത്ഭവിച്ച വലിയ ജലപ്രവാഹത്തിൽ കെട്ടിടങ്ങളടക്കം ഒഴുകിപ്പോവുകയായിരുന്നു. കൂടാതെ, ഉത്തരകാശിയിലെ ഹർസിൽ ആർമി ക്യാമ്പിലും മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. ഇത് നദി കരകവിഞ്ഞൊഴുകാൻ കാരണമായി. ഇവിടെ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്.

തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ധാരാളം സന്ദർശകരും ഉണ്ടായിരുന്നതായാണ് വിവരം. ഹോട്ടലുകളും ഹോംസ്റ്റേകളും ഒത്തിരിയുള്ള സ്ഥലമാണിത്. കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സംഘവും സൈന്യവും എത്തി രക്ഷാപ്രവർത്തനങ്ങൾ പ്രദേശങ്ങളിൽ തുടരുകയാണ്.

എസ്ഡിആർഎഫ്, എൻഡിആർഎഫ്, സൈന്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ദുരന്ത നിവാരണ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ദുരന്തത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

SCROLL FOR NEXT