ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വെച്ചു.  (AP)
India

അമേരിക്കയിലെ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു. ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വെച്ചു.

Safvana Jouhar

വാഷിങ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു. ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വെച്ചു. ബില്ലില്‍ ഒപ്പുവെയ്ക്കുമ്പോഴും ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ട്രംപ് നടത്തിയത്. ഷട്ട് ഡൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊളളയടിക്കാന്‍ ശ്രമിച്ചെന്നാണ് ട്രംപിന്റെ ആരോപണം. രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണ് ഷട്ട് ഡൗണിന് പിന്നിലെന്നും ട്രംപ് പറഞ്ഞു. ആറ് ഡെമോക്രാറ്റുകളുടെ പിന്തുണയോടെ യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചതോടെ 43 ദിവസം നീണ്ട അടച്ചുപൂട്ടലിനാണ് വിരാമമായത്. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രധാന സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വഴി തുറന്നത്. സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കന്‍ നിയന്ത്രിത ജനപ്രതിനിധി സഭ 209 നെതിരെ 22 വോട്ടുകള്‍ക്ക് പാസാക്കിയത്.

ആറ് ഡെമോക്രാറ്റിക് അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ഷട്ട്ഡൗണ്‍ സമയത്ത് നടന്ന എല്ലാ പിരിച്ചുവിടലുകളും റദ്ദാക്കുന്നതും ഫെഡറല്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ടായിരുന്ന ശമ്പളം ഉറപ്പാക്കുന്നതുമാണ് ധനാനുമതി ബില്ലിലെ പ്രധാന വ്യവസ്ഥകള്‍. തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനഃരാരംഭിക്കാനും ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം പുനരുജ്ജീവിപ്പിക്കാനും ബില്‍ ലക്ഷ്യമിടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡി വിഷയത്തില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമേരിക്കയില്‍ നിലവില്‍ വന്ന പതിനഞ്ചാം ഷട്ട്ഡൗണ്‍ ആയിരുന്നു ഇത്.

2018-19 വര്‍ഷത്തെ ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വരുമ്പോഴാണ് സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടുന്നത്.

SCROLL FOR NEXT