ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സാഹചര്യങ്ങളാണ് മുന്‍ ബംഗ്ലാദേശ് നേതാവിനെ ഇന്ത്യയില്‍ എത്തിച്ചതെന്നും മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് ഇന്ത്യയുടെ നയമെന്നും ശനിയാഴ്ച ജയശങ്കര്‍ വ്യക്തമാക്കി.
ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ആഗസ്റ്റിലാണ് 78കാരിയായ ഷെയ്ഖ് ഹസീന പലായനം ചെയ്തത് ഇന്ത്യയിലെത്തിയത്. അക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് തന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. 2024-ൽ ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയ കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്.