India

217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സേനയിൽ ചേർന്നെന്ന് കേന്ദ്രസർക്കാർ

49 പേർ കൊല്ലപ്പെട്ടതായും റഷ്യയുമായി നടത്തിയ നയതന്ത്ര ചർച്ചകളുടെ ഭാഗമായി 139 ഇന്ത്യൻ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ചതായും കേന്ദ്രം അറിയിച്ചു. ‌റ

Safvana Jouhar

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ 217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സേനയിൽ ചേർന്നതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇതിൽ 49 പേർ കൊല്ലപ്പെട്ടതായും റഷ്യയുമായി നടത്തിയ നയതന്ത്ര ചർച്ചകളുടെ ഭാഗമായി 139 ഇന്ത്യൻ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ചതായും കേന്ദ്രം അറിയിച്ചു. ‌റഷ്യയിലെത്തിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചുള്ളതാണ് റിപ്പോർട്ട്. ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. റഷ്യൻ സൈന്യത്തിൽ ചേർന്ന 23 ഇന്ത്യൻ പൗരന്മാരെ കുറിച്ച് വിവരങ്ങളൊന്നുമില്ല. മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികാരികളുമായി നിരന്തരമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കാണാതായവരെ കണ്ടെത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മരണപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാൻ സഹായിക്കുന്നതിനായി 21 പേരുടെ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് റഷ്യൻ അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. സംഭവം അതീവ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. പ്രശ്ന‌ങ്ങൾ പരിഹരിക്കുന്നതിനായി റഷ്യൻ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ട് വരുന്നുണ്ടെന്നും കുടുംബങ്ങളെ വിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹർജിയിൽ 26 പേരെ നാട്ടിലെത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 14 പേർ മരിച്ചതായാണ് വിവരമെന്നും കേന്ദ്രം വ്യക്തമാക്കി. 11 പേരെ കാണാതായതായി റഷ്യൻ അധികൃതർ അറിയിച്ചിട്ടുണ്ട്. ഒരാൾ ലൈംഗിക പീഡന ആരോപണത്തിൽ എട്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ചില ഇന്ത്യൻ പൗരന്മാർ ആകർഷകമായ ശമ്പള പാക്കേജിൽ റഷ്യൻ സൈന്യത്തിൽ ചേരാൻ സ്വമേധയാ കരാറുകളിൽ ഒപ്പിട്ടതായി കേന്ദ്രത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏകദേശം 5,000 യുഎസ് ഡോളറിൻ്റെ മുൻകൂർ ബോണസ്, പ്രതിമാസം ഏകദേശം 2,500 യുഎസ് ഡോളർ ശമ്പളം, കൂടാതെ റഷ്യൻ പൗരത്വം, മറ്റ് ആനുകൂല്യങ്ങൾ, മരിക്കുകയാണെങ്കിൽ ഏകദേശം 1,68,000 യുഎസ് ഡോളർ നഷ്ടപരിഹാരം എന്നിവ വാഗ്‌ദാനം ചെയ്‌തിരുന്നതായും റിപ്പോർട്ടിലുണ്ട്.

SCROLL FOR NEXT