സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് തലവനായിരുന്ന സീനിയർ വൈസ് പ്രസിഡന്‍റ് രാജു ആന്‍റണി രാജിവച്ചതായി റിപ്പോർട്ടുകൾ. ലിങ്ക്ഡിൻ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ രാജിവെച്ച കാര്യം രാജു ആന്‍റണി സ്ഥിരീകരിച്ചു. ഏകദേശം നാല് വർഷവും അഞ്ച് മാസവും ഈ പദവിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, കമ്പനിയോടൊപ്പം ഏകദേശം 18 വർഷത്തെ ദീർഘകാല സേവനമാണ് നിർവഹിച്ചത്. വിവിധ ഘട്ടങ്ങളിൽ കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്ന ആന്‍റണിയുടെ പിന്മാറ്റം, സാംസങ് ഇന്ത്യയിലെ മാനേജ്മെന്‍റ് മാറ്റങ്ങൾക്ക് വഴിവയ്ക്കുന്നതായി വിലയിരുത്തപ്പെടുന്നു.
സാംസങ്ങുമായി 18 വർഷം നീണ്ട എന്‍റെ യാത്ര അതിശയകരമായിരുന്നു എന്നും ഗാലക്‌സി ഫോണുകൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് വീടുകളിലെത്തിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമാണ് എന്ന് അദ്ദേഹം ലിങ്ക്ഡിനിൽ കുറിച്ചു. ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും, പുതിയ അവസരങ്ങൾക്കും യാത്രയ്ക്കും താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് രാജു ആന്‍റണി അറിയിച്ചു.
2022 ജനുവരിയിലാണ് രാജു ആന്‍റണി സാംസങ് ഇന്ത്യയുടെ മൊബൈൽ വിഭാഗം തലവനായി ചുമതലയേറ്റത്. അതിന് മുമ്പ് എംഎക്‌സ് ഇന്ത്യയിലെ സെയിൽസ് ഹെഡ്, സെയിൽസ് ഓപ്പറേഷൻസ് ആൻഡ് പ്ലാനിംഗ് (SOP) വിഭാഗം മേധാവി തുടങ്ങിയ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കമ്പനിയിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് സമഗ്രമായ അനുഭവസമ്പത്ത് സമ്പാദിച്ച വ്യക്തിയാണ് അദേഹം.