ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം അരങ്ങേറിയിരിക്കുകയാണ്. തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നടപടികൾ ശക്തമാകുന്നതിനിടയിൽ കൂറുമാറ്റത്തെ ഭയന്ന് എംഎൽഎമാരെ റിസോട്ടുകളിലേക്ക് മാറ്റുകയാണ് എഐഎഡിഎംകെ. 15 എംഎൽഎമാരെ ഇതിനകം പുതുച്ചേരിയിലെ റിസോട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മുതിർന്ന എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സിവി ഷൺമുഖം ദി ഷോർ ത്രിശ്വത്തിൽ 20 ലധികം മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൻ്റെ ഭാഗമായി നിരവധി എംഎൽഎമാർ പുതുച്ചേരിയിൽ എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎംഎമാർ പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നു. 47 സീറ്റുകളാണ് എഐഎഡിഎംകെക്ക് കിട്ടിയത്. ഇതിൽ 40 എംഎല്‍എമാര്‍ ടിവികെക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എഐഎഡിഎംകെ പിന്തുണ നിലവില്‍ അജണ്ടയില്‍ ഇല്ലെന്നാണ് ടിഎംകെ അറിയിക്കുന്നത്. പ്ലാന്‍ സി മാത്രമായാണ് എഐഎഡിഎംകെയെ കാണുന്നതെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചിരുന്നു.
108 സീറ്റുകൾ നേടിയ ടിവികെക്ക് സർക്കാർ രൂപീകരിക്കണമെങ്കിൽ പത്ത് സീറ്റുകൾ കൂടിവേണം. നിലവിൽ അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് ടിവിയെക്ക് പിന്തുണ നൽകിയിട്ടുണ്ട്. എന്നിരുന്നാലും സർക്കാർ രൂപീകരിക്കണമെങ്കിൽ ആറ് സീറ്റുകൾ കൂടി കിട്ടി കേവല ഭൂരിപക്ഷം മറികടക്കണം. അതേസമയം തമിഴ്നാട്ടിൽ എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയും എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെയും തമ്മില്‍ സഖ്യം ചേരാൻ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യമായി ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം.