(Photo Credit: Imran Nissar)
India

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്തു

അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം.

Safvana Jouhar

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ സ്‌ഫോടകന്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് ഐഇഡി ഉപയോഗിച്ച് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം.

അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനഞ്ചുപേരില്‍ ഒരാളാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ ഡോ. അദീല്‍ റാത്തല്‍. അല്‍ഫല സര്‍വകലാശാലയിലെ തന്നെ ഡോക്ടര്‍മാരായ മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് എന്നിവരാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് പുറമേ പന്ത്രണ്ട് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഇതില്‍ ആറ് പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ഡോ. സജ്ജാദ്, ആരിഫ്, യാസിര്‍, മക്സൂദ്, ഇര്‍ഫാന്‍, സമീര്‍ എന്നിവരാണ് ജമ്മു കശ്മീര്‍ സ്വദേശികള്‍. അദീലിന് പുറമേ ഒരു ഉത്തര്‍പ്രദേശ് സ്വദേശി കൂടി അറസ്റ്റിലായിട്ടുണ്ട്. ലഖ്നൗ സ്വദേശിയായ ഡോ. പെര്‍വസ് ആയിരുന്നു അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്ഫോടനം.

SCROLL FOR NEXT