രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ചു  (Photo: PTI)
India

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 20 മരണം; പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചു.

Safvana Jouhar

ജയ്പുര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് 20 പേര്‍ വെന്തുമരിച്ചു. 16 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ജയ്‌സല്‍മെറില്‍ നിന്നും ജോഥ്പുരിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. 19 പേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും ഒരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 57 യാത്രക്കാരാണ് ബസിലുണ്ടായത്. ബസ് യാത്രയ്ക്കായി പുറപ്പെട്ട് 10 മിനിറ്റിനുള്ളില്‍ തന്നെ പുകയും തീയും ഉയരുകയായിരുന്നു. ഷോര്‍ട്ട് സെര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയര്‍ന്നയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു. മരിച്ചവരുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.

ഹൃദയഭേദകമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എക്‌സില്‍ കുറിച്ചു. 'പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പമുണ്ടാകും. പറ്റാവുന്ന എല്ലാ പിന്തുണയും അവര്‍ക്ക് നല്‍കും', മുഖ്യമന്ത്രി പറഞ്ഞു. ബസ് കത്തിയ സ്ഥലവും പരിക്കേറ്റവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അതേസമം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചു. ഗവര്‍ണര്‍ ഹരിഭൊ ബഗാഡെ, മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവരും അനുശോചനം അറിയിച്ചു.

SCROLL FOR NEXT