ട്രെയിൻ വൈകിയതുമൂലം നിർണായകമായ പ്രവേശന പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടേതാണ് ഈ സുപ്രധാന വിധി. 45 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
2018-ൽ നടന്ന ബി.എസ്.സി ബയോടെക്നോളജി പ്രവേശന പരീക്ഷ എഴുതാൻ പോയ സമൃദ്ധി എന്ന വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. ലക്നൗവിലെ പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 12.30-ന് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നിട്ടും, വിദ്യാർഥിനി സഞ്ചരിച്ച ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ 2.30-നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ട്രെയിൻ വൈകിയതിന് തൃപ്തികരമായ വിശദീകരണം നൽകാൻ റെയിൽവേയ്ക്ക് സാധിച്ചില്ല. ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിദ്യാർഥിനിക്ക് അനുകൂല വിധി ലഭിച്ചത്. തന്റെ അക്കാദമിക് വർഷം നഷ്ടപ്പെടുത്തിയതിന് 20 ലക്ഷം രൂപയായിരുന്നു പരാതിക്കാരി ആവശ്യപ്പെട്ടിരുന്നത്.