സിനിമ എന്നത് ആവേശവും കാഴ്ചയും മാത്രമല്ല, അതൊരു അനുഭവം കൂടിയാണ്. പരിചിതമല്ലാത്ത ലോകങ്ങളും അവിടുത്തെ സംഭവങ്ങളും കൺമുന്നിലെത്തിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സിനിമകളെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഇപ്പോഴിതാ, സിനിമാ കാഴ്ചകൾ പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. ഇന്ത്യയിലെ മുൻനിര മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഐനോക്സ് ബെംഗളൂരുവിൽ ആദ്യത്തെ ഡൈൻ-ഇൻ സിനിമ ആരംഭിച്ചു.
വിനോദത്തിനൊപ്പം രുചികളും കാത്തിരിക്കുന്ന ഒരിടമാക്കി സിനിമാ തിയേറ്ററുകളെ മാറ്റുന്ന യുഗത്തിന്‍റെ തുടക്കമെന്ന നിലയിൽ വൻ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ ഇതിനെ സ്വീകരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡൈൻ-ഇൻ ഓഡിറ്റോറിയം റെസ്റ്റോറന്റ് ആണിത്.
"ഈ ഫോർമാറ്റ് സിനിമയെ ഒരു ജീവിതശൈലി ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു, ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങാതെയോ സിനിമാ ടിക്കറ്റ് പോലും വാങ്ങാതെയോ ഷെഫ് ക്യൂറേറ്റ് ചെയ്ത ഭക്ഷണം സീറ്റിലിരുന്ന് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്ക് നൽകുന്നു," പിവിആര്‍ ഐനോക്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. എം5 ഇസിറ്റി മാളിലെ ഡൈൻ-ഇൻ ആശയം സിനിമ ഒരു സിനിമയേക്കാൾ കൂടുതലായിരിക്കണമെന്നും അത് വിനോദം, ഭക്ഷണം, സുഖസൗകര്യങ്ങൾ എന്നിവയുടെ ഒരു പൂർണ്ണ സായാഹ്നമായിരിക്കണമെന്നുമുള്ള ആശയത്തെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് പ്രസ്ഥാവന സൂചിപ്പിക്കുന്നു.
വിവിധ തരം ഇൻ-ഹൗസ് ഫുഡ് ആൻഡ് ബിവറേജ് ബ്രാൻഡുകളിൽ നിന്ന് അതിഥികൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ക്രോസ്റ്റ, സിനി കഫേ, ഡൈൻ-ഇൻ, സ്റ്റീമെസ്ട്രി, വോക്‌സ്റ്റാർ, ഐഇൻ-ബിറ്റ്വീൻ, ഫ്രൈടോപ്പിയ, ഡോഗ്‌ഫാദർ, ലോക്കൽ സ്ട്രീറ്റ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങൾ തിയേറ്ററിൽ ഉണ്ട്. പിസ്സകൾ മുതൽ മീൽസ്, സ്റ്റീം ചെയ്ത ഡെലിക്കീസികൾ, സ്റ്റിർ-ഫ്രൈഡ് ഫുഡ്, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, ഹോട്ട്‌ഡോഗുകൾ, പ്രാദേശിക പാചകരീതികൾ തുടങ്ങി നിരവധി ഭക്ഷണങ്ങൾ ഈ വിഭാഗങ്ങളിൽ ലഭ്യമാണ്.
മൾട്ടിപ്ലക്‌സിൽ അത്യാധുനിക സിനിമാ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ഓഡിറ്റോറിയത്തിലും ഡോൾബി അറ്റ്‌മോസ്, ഡിടിഎസ്:എക്സ്, ഡോൾബി 7.1 സറൗണ്ട് സൗണ്ട്, 4കെ ലേസർ പ്രൊജക്ഷൻ എന്നിവയുണ്ട്.
ഈ പുതിയ സംവിധാനത്തിൽ, പ്രേക്ഷകർക്ക് സ്വന്തം ഗ്രൂപ്പിനായി ഒരു പ്രത്യേക ഡൈനിംഗ് സ്പേസ് ബുക്ക് ചെയ്യാം. കമ്പനി സ്വന്തം ഇൻ-ഹൗസ് ബ്രാൻഡുകൾ വഴിയാണ് രുചികളും വിഭവങ്ങളും നൽകുന്നത്. ഇരിപ്പിടങ്ങൾക്കനുസരിച്ച് വില വ്യത്യാസപ്പെടും — രണ്ട് പേരുടെ ടേബിളിന് ₹490 മുതൽ നാല് പേരുടെ ടേബിളിന് ₹990 വരെയായിരിക്കും. ബെംഗളൂരുവിന് പിന്നാലെ, 2027 നുള്ളിൽ 4 മുതൽ 5 വരെ ഡൈൻ-ഇൻ സിനിമകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. ഓരോ സിനിമക്കും ഏകദേശം ₹3 കോടി ചെലവാകും. ഈ സിനിമകൾ ലൈവ് ഷോകൾ, കച്ചേരികൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവയ്ക്കും വേദിയാകും.