PM Modi and Donald Trump 
India

ജൂൺ 17-ന് മോദി - ട്രംപ് കൂടിക്കാഴ്ച; ഒമാൻ തീരത്തെ കപ്പൽ ആക്രമണവും ഉഭയകക്ഷി ബന്ധങ്ങളും ചർച്ചയാകും

ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധങ്ങൾ ഏറെ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

Elizabath Joseph

ന്യൂഡൽഹി: ഫ്രാൻസിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ ജി7 ഉച്ചകോടിയുടെ ഇടവേളയിൽ ജൂൺ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്തും. യുഎസ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ ന്യൂസ് 18 ആണ് ഈ നിർണ്ണായക വാർത്ത പുറത്തുവിട്ടത്. ഇരുനേതാക്കളും തമ്മിൽ ജി7 വേദിയിൽ വെച്ച് ചർച്ചകൾ നടത്തിയേക്കുമെന്ന് മുൻപ് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധങ്ങൾ ഏറെ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പങ്കാളിത്തം, ഊർജ്ജ മേഖലയിലെ സഹകരണം, എച്ച്1 ബി (H1-B) വിസാ നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. കൂടാതെ, പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷവും അത് ആഗോള തലത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുനേതാക്കളും വിലയിരുത്തും. വ്യാപാര-പ്രതിരോധ മേഖലകളിലെ തന്ത്രപ്രധാനമായ കൂട്ടായ്മ കൂടുതൽ ശക്തമാക്കാനുള്ള പ്രഖ്യാപനങ്ങളും ഈ ചർച്ചയ്ക്ക് പിന്നാലെ ഉണ്ടായേക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.

കപ്പൽ ആക്രമണവും ഇന്ത്യൻ നാവികരുടെ മരണവും ഇന്ത്യ ഉന്നയിക്കും:

അടുത്തിടെ ഒമാൻ തീരത്തിന് സമീപം യുഎസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ ഒരു ചരക്കുകപ്പലിന് തീപിടിക്കുകയും മൂന്ന് ഇന്ത്യൻ നാവികരെ കാണാതാവുകയും ചെയ്തിരുന്നു. ഇവർ മൂന്നുപേരും മരണപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ മേഖലയിൽ മറ്റൊരു വാണിജ്യ കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഒമാൻ തീരത്തെ അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം സൈനിക നടപടികളിലും ഇന്ത്യൻ ജീവനക്കാരുടെ മരണത്തിലും രാജ്യം കടുത്ത പ്രതിഷേധത്തിലാണ്. ഇതിനകം തന്നെ രണ്ട് തവണയാണ് ഇന്ത്യ യുഎസ് പ്രതിനിധിയെ നേരിട്ട് വിളിച്ചുവരുത്തി തങ്ങളുടെ ശക്തമായ വിയോജിപ്പ് അറിയിച്ചത്. ഈ സുരക്ഷാ ആശങ്കകളും നാവികരുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റുമായുള്ള ചർച്ചയിൽ നേരിട്ട് ഉന്നയിക്കും.

SCROLL FOR NEXT