ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പാണ് 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'  
India

നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ

പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും കമ്പനി വ്യക്തമാക്കി.

Safvana Jouhar

ന്യൂഡൽഹി: ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പ് 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്‌. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും കമ്പനി വ്യക്തമാക്കി. ഇത്തരത്തിൽ കൈമാറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം പിഡിഎഫ് രൂപത്തിലുള്ള പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികൾ ഓൺലൈനിൽ ലഭ്യമാണ് എന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്ന് ചോർന്നു, ആര് ചോർത്തി എന്നുമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. ഇതിന് പുറമെ പല വെബ്‌സൈറ്റുകളും പുസ്തകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെൻഗ്വിൻ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്‌സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. അതിന് മുൻപേതന്നെ എങ്ങനെ പ്രചരിച്ചു എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

രാഹുല്‍ ഗാന്ധി

മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യനങ്ങളിലടക്കം പുസ്തകത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. 2020ലെ ചൈന- ഇന്ത്യ സംഘര്‍ഷം ഉന്നയിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.

SCROLL FOR NEXT