കൊച്ചി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മഞ്ജു വാര്യരും. രാജ്യത്തിന്റെ നിധിയാണ് യുവതലമുറയെന്നും അവരുടെ ആശങ്കകൾ കേൾക്കാനും അവരെ സംരക്ഷിക്കാനും രാജ്യം ബാധ്യസ്ഥരാണെന്നും മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിദ്യാഭ്യാസ രംഗത്തെ സുതാര്യതയും പരീക്ഷകളുടെ വിശ്വാസ്യതയും കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നമ്മുടെ കുട്ടികൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടതെന്ന് നടി മഞ്ജു വാര്യരും ഫെയ്‌സ്ബുക്കിൽ കുറിച്ചു. "മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മീതെ നിൽക്കേണ്ടത്. യുവതലമുറയ്ക്ക് അവരുടെ ആശങ്കകൾ ഉന്നയിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും പൂർണ്ണ അവകാശമുണ്ട്. ഇന്ത്യയിലുടനീളമുള്ള പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യതയും മെറിറ്റും സംരക്ഷിക്കപ്പെടണം," മഞ്ജു വാര്യർ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയും പരീക്ഷാ ഏജൻസിക്കെതിരെയും വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കുന്നതിനിടെയാണ് സിനിമാ മേഖലയിൽ നിന്ന് പിന്തുണയുമായി മുൻനിര താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.