ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൻ്റെ ഡൽഹിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസും ബന്ധുക്കളും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കേസ് റദ്ദാക്കാന്‍ ഉള്ള നടപടികള്‍ ആലോചിക്കാനാണ് കൂടിക്കാഴ്ച.
അതേസമയം കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്തതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം അമിതാവേശം കാണിച്ചു. മറ്റ് പരിവാര്‍ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്ത് വേണമായിരുന്നു വിഷയത്തില്‍ ഇടപെടേണ്ടിയിരുന്നതെന്നും യോഗത്തില്‍ ഒരു വിഭാഗം വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ടത് നേട്ടമായി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. പരിവാര്‍ സംഘടനകളോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും നേതൃത്വം കോര്‍ കമ്മിറ്റിയില്‍ വിശദീകരിച്ചു.