India

മേഘവിസ്‌ഫോടനം: മരണസംഖ്യ 65 ആയി

200ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

Safvana Jouhar

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 65 പേര്‍ ആയി. കാണാതായ 200ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമായ ചാസോതിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീര്‍ത്ഥാടകരാണ്. 150 ഓളം പേര്‍ക്ക് പ്രളയത്തില്‍ പരുക്കേറ്റിരുന്നു. ഇരുനൂറില്‍ ഏറെ പേരെ പ്രദേശത്തു നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിംഗ് ഇന്ന് കിഷ്ത്വര്‍ സന്ദര്‍ശിക്കും. മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളില്‍ പലതും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് കുമാര്‍ ശര്‍മ വ്യക്തമാക്കി. മാതാ തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചു. തീര്‍ഥാടനം ആരംഭിക്കുന്നത് ചാസോതി ഗ്രാമത്തില്‍ നിന്നാണ്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ജൂലൈ 25 ന് തുടങ്ങിയ തീര്‍ത്ഥാടന യാത്രയ്ക്കായി നിരവധി പേര്‍ ചാസോതിയില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു യാത്ര അവസാനിക്കേണ്ടിയിരുന്നത്. എട്ടര കിലോമീറ്റര്‍ ദുര്‍ഘടം പിടിച്ച വഴിയിലൂടെ വേണം ക്ഷേത്രത്തിലേക്ക് എത്താന്‍.

SCROLL FOR NEXT