ഗാന്ധിനഗർ: അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവും പിഴയും വിധിച്ച് ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതി. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നായ അദാനി എന്റർപ്രൈസസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് വിധി വന്നിരിക്കുന്നത്. കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചരണം ട്വിറ്റിലൂടെ രവിനായർ നടത്തിയെന്നായിരുന്നു അദാനി എന്റർപ്രൈസിന്റെ പരാതിയിൽ പറഞ്ഞിരുന്നത്. ട്വീറ്റുകളിലുണ്ടായിരുന്നത് ന്യായമായ വിമർശനമല്ലെന്നും മറിച്ച് പൊതുജനങ്ങൾക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ബോധപൂർവം ചെയ്തതാണെന്നുമാണ് അദാനി എന്റർപ്രൈസിന്റെ വാദം. വിചാരണയ്‌ക്കൊടുവില്‍ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ദ വയർ, ന്യൂസ് ക്ലിക്ക്, ജനതാ കാ റിപ്പോർട്ടര്‍ തുടങ്ങിയ വാർത്താ വെബ്‌സൈറ്റുകളിൽ പതിവായി ലേഖനമെഴുതുന്ന മാധ്യമപ്രവർത്തകനാണ് രവി നായർ.