എസ്‌യുവി കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം ജെയ്‌ഗോൺ  ഇന്ത്യയിലേക്കുള്ള എസ്‌യുവി കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം ജെയ്‌ഗോൺ
India

ഇന്ത്യയിലേക്കുള്ള എസ്‌യുവി കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം ജെയ്‌ഗോൺ

ഭൂട്ടാനിൽ നിന്നും എത്തിക്കുന്ന എസ്‌യുവികൾ അതിർത്തിയിലെ ഫുന്റ്‌ഷോലിങ് നഗരം വഴിയാണ് പശ്ചിമബംഗാളിലൂടെ ഇന്ത്യയിലേക്ക് കടത്തുന്നത്.

Safvana Jouhar

കൊച്ചി: ഇന്ത്യയിലേക്കുള്ള എസ്‌യുവി കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം പശ്ചിമബംഗാളിലെ ജെയ്‌ഗോൺ. ഭൂട്ടാൻ അതിർത്തിയോട് ചേർന്ന നഗരമായ ഇവിടം മയക്കുമരുന്നുൾപ്പെടെ കടത്തുന്ന പ്രധാന കേന്ദ്രം കൂടിയാണ്. ഭൂട്ടാനിൽ നിന്നും എത്തിക്കുന്ന എസ്‌യുവികൾ അതിർത്തിയിലെ ഫുന്റ്‌ഷോലിങ് നഗരം വഴിയാണ് പശ്ചിമബംഗാളിലൂടെ ഇന്ത്യയിലേക്ക് കടത്തുന്നത്. ഇവിടെ വെച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ രജിസ്‌ട്രേഷനിലേക്ക്‌ മാറ്റുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സംഘം നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിലെ അന്താരാഷ്ട്ര വാഹന കള്ളക്കടത്ത് സംഘത്തിന്റെ ഓപ്പറേഷൻ ജെയ്‌ഗോണിലൂടെയാണെന്ന് തെളിഞ്ഞത്. വ്യാജരേഖകൾ ഉപയോഗിച്ച് ഹിമാചലിലും അസമിലും രണ്ടാം ഉടമയായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ കർണാടകത്തിലും കേരളത്തിലുമെത്തിച്ച് രൂപമാറ്റം വരുത്തി വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.ഇതിൽ ചിലതുമാത്രം മൂന്നാം ഉടമയായോ നാലാം ഉടമയായോ വീണ്ടും രജിസ്റ്റർ ചെയ്യും. ഇത്തരം വാഹനങ്ങൾ കടത്തുന്നതിനായി ജെയ്‌ഗോണിലും ഫുന്റ്‌ഷോലിങ്ങിലും കള്ളക്കടത്ത് ഏജന്റുമാർ വഴി അതിർത്തി കടത്തും. അതിനായി ഇവർക്ക് കമ്മിഷൻ നൽകും. സ്വർണം, ഇലക്‌ട്രോണിക് ഗാഡ്‌ജറ്റുകൾ, മദ്യം, ഇന്ധനം എന്നിവയും ജെയ്‌ഗോൺ വഴി ഇന്ത്യയിലേക്ക് കടത്താറുണ്ട്.

അതേസമയം, ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള നടന്‍ അമിത് ചക്കാലക്കല്‍ നടത്തിയ യാത്രകളില്‍ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് കസ്റ്റംസ്. അമിത് പലതവണയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്ര കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. അമിത് നടത്തിയ വിദേശയാത്രകളും നടന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് നടത്തുന്ന അന്വേഷണം തുടരും. ഭൂട്ടാനിൽ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ മുഖ്യ ഇടനിലക്കാരനായി അമിത് കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നത് അന്വേഷിക്കുകയാണ്. ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ കസ്റ്റംസ് അമിത്തിന്റെ ഗാരേജില്‍ നിന്നും പിടികൂടിയിരുന്നു. ഇതില്‍ ഒരെണ്ണം മാത്രമാണ് തന്റേതെന്നും ബാക്കിയുള്ളവ തന്റെ ഗാരേജില്‍ മോഡിപിടിപ്പിക്കാനായി കൊണ്ടുവന്നവയാണെന്നുമാണ് അമിത് പ്രതികരിച്ചത്. ചില വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ റീ രജിസ്‌ട്രേഷന്‍ നടപടികളിലേക്ക് കടന്നിട്ടില്ല. അതിനാല്‍ അമിത് ചക്കാലക്കലിന് ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിയ ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്.

SCROLL FOR NEXT