ABC News
India

വ്യാജ വിസ അപേക്ഷകൾ; ഇന്ത്യൻ മൈഗ്രേഷൻ ഏജന്റിന് ഓസ്‌ട്രേലിയയിൽ അഞ്ച് വർഷം വിലക്ക്

മൈഗ്രേഷൻ നിയമങ്ങളെ അട്ടിമറിക്കാനും വ്യവസ്ഥകൾ വെട്ടിക്കാനുമാണ് ഇവർ ശ്രമിച്ചതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

Elizabath Joseph

സിഡ്‌നി: വിസ അപേക്ഷകളിൽ കൃത്രിമം കാണിച്ച മൈഗ്രേഷൻ ഏജന്റ് വനീത് കൗർ ചന്ദയുടെ രജിസ്ട്രേഷൻ 'ഓഫീസ് ഓഫ് ദി മൈഗ്രേഷൻ ഏജന്റ്‌സ് രജിസ്ട്രേഷൻ അതോറിറ്റി' (OMARA) റദ്ദാക്കി. ഇവർ സമർപ്പിച്ച നിരവധി വിസ അപേക്ഷകളിൽ ആഭ്യന്തര മന്ത്രാലയം ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. അഞ്ച് വർഷത്തേക്കാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

വിസ അപേക്ഷകളിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകി, നിയമങ്ങൾ ലംഘിച്ചു, ഉപഭോക്താക്കൾക്ക് നൽകിയ മൈഗ്രേഷൻ സഹായം രേഖകളിൽ മറച്ചുവെച്ചു എന്നിങ്ങനെയുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് അധികൃതർ നടത്തിയത്. കൂടാതെ, ആഭ്യന്തര മന്ത്രാലയവുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെറ്റായി പരസ്യം നൽകുകയും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ശരിയായി മേൽനോട്ടം വഹിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതായും അന്വേഷണത്തിൽ തെളിഞ്ഞു.

മൈഗ്രേഷൻ നിയമങ്ങളെ അട്ടിമറിക്കാനും വ്യവസ്ഥകൾ വെട്ടിക്കാനുമാണ് ഇവർ ശ്രമിച്ചതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. 2016 മുതൽ മൈഗ്രേഷൻ ഏജന്റായി പ്രവർത്തിച്ചിരുന്ന വനീത്, തന്റെ സോഷ്യൽ മീഡിയ വീഡിയോകളിലൂടെ സുതാര്യതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും സംസാരിച്ചിരുന്നയാളാണ്. അപേക്ഷകർ വ്യാജ രേഖകൾ നൽകരുതെന്ന് ഉപദേശിക്കുന്ന ഇവർ തന്നെ നിയമലംഘനം നടത്തിയതിനെ അതോറിറ്റി ഗൗരവമായി കാണുന്നു. വനീത് ജോലി ചെയ്തിരുന്ന റോയൽ മൈഗ്രേഷൻ എന്ന സ്ഥാപനത്തിനെതിരെ നിലവിൽ കുറ്റാരോപണങ്ങളില്ല.

SCROLL FOR NEXT