ഒന്റാറിയോ: കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ യുവാക്കളുടെ വംശീയഅക്രമം. കഴിഞ്ഞ മാസം 29നാണ് പീറ്റര്‍ബൊറഫിലെ ലാന്‍സ്ഡൗണ്‍ പ്ലേസ് മാളില്‍ സംഭവം നടന്നത്. മൂന്ന് യുവാക്കള്‍ ദമ്പതികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും അധിക്ഷേപത്തിനിരയായ യുവാവ് പുറത്ത് വിട്ടിട്ടുണ്ട്.
പിക്കപ്പ് ട്രക്കില്‍ വന്ന യുവാക്കള്‍ ദമ്പതികളുടെ വാഹനം ബ്ലോക്ക് ചെയ്യുകയും അശ്ലീലം പറയുകയും വംശീയ അധിക്ഷേപം നടത്തുകയുമായിരുന്നു. കനേഡിയന്‍ യുവാക്കള്‍ ഇന്ത്യന്‍ യുവാവിനെ വലിയ മൂക്കുള്ളയാളെന്നും നിങ്ങള്‍ കുടിയേറ്റക്കാരാണെന്നും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇന്ത്യന്‍ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ യുവാക്കളിലൊരാള്‍ വധഭീഷണി മുഴക്കുകയും ചെയ്തു. 'കാറില്‍ നിന്ന് ഇറങ്ങി നിന്നെ കൊല്ലണോ?' എന്ന് യുവാവ് ചോദിക്കുന്നതും കാണാം. സംഭവത്തില്‍ കവര്‍ത്ത ലേക്‌സ് സിറ്റിയില്‍ നിന്നുള്ള 18കാരനെ അറസ്റ്റ് ചെയ്തതായി പീറ്റര്‍ബറൊഫ് പൊലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനാണ് യുവാവിനെതിരെ കേസെടുത്തത്. ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ സമൂഹത്തിലോ, മറ്റേതൊരു സമൂഹത്തിലോ അംഗീകരിക്കാനാവില്ലെന്ന് പീറ്റര്‍ബറൊഫ് പൊലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്‌സ് പറഞ്ഞു.