ന്യൂഡൽഹി/കാഠ്മണ്ഡു: നേപ്പാൾ-ചൈന അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിന് പിന്നാലെ അയൽരാജ്യത്തിന് കൈത്താങ്ങായി ഇന്ത്യ. മൂന്ന് പ്രത്യേക വിമാനങ്ങളിലായി 62 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ നേപ്പാളിലെത്തിച്ചത്. ദുരന്തത്തിന് പിന്നാലെ മറ്റെല്ലാ വിദേശ രാജ്യങ്ങൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും മുൻപായി ദുരിതാശ്വാസ സാമഗ്രികൾ നേരിട്ട് എത്തിച്ച് 'ഫസ്റ്റ് റെസ്‌പോണ്ടർ' ( എന്ന പദവി ഇന്ത്യ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചു. വ്യോമസേനയുടെ സി-130ജെ, സി-17 വിമാനങ്ങളിലാണ് ടെന്റുകൾ, പുതപ്പുകൾ, അത്യാവശ്യ മരുന്നുകൾ, ഭക്ഷണസാധനങ്ങൾ, ജനറേറ്ററുകൾ, വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ കാഠ്മണ്ഡുവിൽ എത്തിച്ചത്.
ദുരന്തം നടന്ന് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി സംസാരിച്ച് പിന്തുണ അറിയിച്ചിരുന്നു. ഹിമാലയൻ ഹിമാനി തകർന്നുണ്ടായ ദുരന്തത്തിൽ നേപ്പാളിൽ 579 പേരും ടിബറ്റിൽ ഏഴ് പേരും മരിച്ചതായാണ് ഏറ്റവും പുതിയ കണക്ക്. മുന്നൂറിലധികം ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 1,900-ലധികം പേരെ നേപ്പാളിൽ കാണാതായിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ യു.എസ്, ചൈന, യു.എ.ഇ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും നേപ്പാളിന് വലിയ തോതിലുള്ള സാമ്പത്തിക-ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.