ന്യൂഡൽഹി: ജനപ്രിയ മെസ്സേജിങ് ആപ്പായ ടെലഗ്രാം വഴിയുള്ള സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, പ്ലാറ്റ്‌ഫോമിലെ ക്ലോസ്ഡ് ഗ്രൂപ്പുകളിലും ചാനലുകളിലും നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. നീറ്റ് പരീക്ഷയുമായി (NEET) ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ടെലഗ്രാമിന് അടുത്തിടെ ഏർപ്പെടുത്തിയ താൽക്കാലിക വിലക്കിനെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച 35 പേജുള്ള റിപ്പോർട്ടിലാണ് നിരീക്ഷണം ശക്തമാക്കിയതിന്റെ വിവരങ്ങളുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) റിപ്പോർട്ട് തയ്യാറാക്കിയത്. ടെലഗ്രാം വഴി വൻതോതിൽ സാമ്പത്തിക തട്ടിപ്പുകൾ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ (CSAM), പൈറേറ്റഡ് സിനിമകൾ എന്നിവ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള അഞ്ച് മാസത്തിനിടെ മാത്രം ടെലഗ്രാമിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് 1,556 പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്.
750 മില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം; റഡാറിലായി ക്ലോസ്ഡ് ഗ്രൂപ്പുകൾ:
നാഷണൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ കണക്കുകൾ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2023 മുതൽ ടെലഗ്രാം വഴിയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് 6,88,000-ലധികം പരാതികളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യാജ തൊഴിൽ പരസ്യങ്ങളിലൂടെയും ടാസ്ക് തട്ടിപ്പുകളിലൂടെയും ഇന്ത്യൻ പൗരന്മാർക്ക് ഏകദേശം 750 മില്യൺ ഡോളറിന്റെ (ഏകദേശം 6,200 കോടിയിലധികം രൂപ) സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ബോളിവുഡ് ചിത്രമായ 'ധുരന്ധർ' ഉൾപ്പെടെയുള്ള വ്യാജ പതിപ്പുകൾ പ്രചരിച്ച ചാനലുകളുടെ വിവരങ്ങളും ജൂൺ 10-ന് സമർപ്പിച്ച സർക്കാർ റിപ്പോർട്ടിലുണ്ട്.
ഫോൺ നമ്പർ വെളിപ്പെടുത്താതെ ഗ്രൂപ്പുകൾ ഉണ്ടാക്കാമെന്ന ടെലഗ്രാമിന്റെ പ്രൈവസി ഫീച്ചറുകൾ കുറ്റവാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന ഒരാഴ്ചത്തെ താൽക്കാലിക നിരോധനം കഴിഞ്ഞ ചൊവ്വാഴ്ച നീക്കിയെങ്കിലും, വ്യാജ സന്ദേശങ്ങൾ തിരുത്തുന്നത് തടയാനായി പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ജൂൺ 30 വരെ കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുകയാണ്.
നിലവിൽ 15 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്ത്യയാണ് ടെലഗ്രാമിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണി. ഇന്ത്യയ്ക്ക് പുറമെ ഫ്രാൻസ്, ദക്ഷിണ കൊറിയ, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ടെലഗ്രാമിനെതിരെ കടുത്ത നിയമനടപടികൾ പുരോഗമിക്കുകയാണ്. അന്വേഷണങ്ങളോടും സൈബർ സുരക്ഷാ ചട്ടങ്ങളോടും കമ്പനി ഇനിയും സഹകരിക്കാത്ത പക്ഷം ആപ്പിന് ഇന്ത്യയിൽ സ്ഥിരമായ നിരോധനം നേരിടേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത്.