ബുധനാഴ്ച്ച ഷെഡ്യൂള്‍ ചെയ്ത എല്ലാ അപേക്ഷകരെയും പിന്നീടുളള തീയതിയിലേക്ക് പുനക്രമീകരിക്കും (Supplied)
India

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ

ജമുന ഫ്യൂച്ചര്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ വിസാ അപേക്ഷാ കേന്ദ്രം സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

Safvana Jouhar

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും മൂലം സുരക്ഷാ ആശങ്ക വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. ധാക്കയിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ക്കുളള പ്രധാന കേന്ദ്രമായ ജമുന ഫ്യൂച്ചര്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ വിസാ അപേക്ഷാ കേന്ദ്രം സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ബുധനാഴ്ച്ച ഷെഡ്യൂള്‍ ചെയ്ത എല്ലാ അപേക്ഷകരെയും പിന്നീടുളള തീയതിയിലേക്ക് പുനക്രമീകരിക്കുമെന്ന് ഐവിഎസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിനിടെ രാജ്യത്തിന്റെ ആശങ്ക ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായ എം റിയാദ് ഹമീദുളളയെ വിളിച്ചുവരുത്തി അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) നേതാവ് ഹസ്‌നത്ത് അബ്ദുളള ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയതിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ച ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ നടന്ന സമ്മേളനത്തിലാണ് ഹസ്‌നത്ത് അബ്ദുളള വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയോട് ശത്രുതയുളള ശക്തികള്‍ക്കും വിഘടനവാദ ഗ്രൂപ്പുകള്‍ക്കും ധാക്ക അഭയം നല്‍കുമെന്നും ഇന്ത്യയുടെ സപ്തസഹോദരി സംസ്ഥാനങ്ങളെ (അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര) ഇന്ത്യയില്‍ നിന്ന് വേര്‍പെടാന്‍ സഹായിക്കുമെന്നും ഹസ്‌നത്ത് അബ്ദുളള പറഞ്ഞിരുന്നു.

SCROLL FOR NEXT