ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിൽ 48 റൺസിന്റെ തകർപ്പൻ വിജയം നേടി ഇന്ത്യ. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 18.2 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായ് 46 റൺസെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ടോപ് സ്കോറർ. ശിവം ദുബെ 22 റൺസ് നേടി. അവസാന ഓവറുകളിൽ അഞ്ഞടിച്ച അക്സർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലീസ്, ആദം സാംബ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മാത്യൂ ഷോർട്ടും മിച്ചൽ മാർഷും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 24 പന്തിൽ 30 റൺസാണ് ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ സംഭാവന. 19 പന്തിൽ 25 റൺസെടുത്ത് മാത്യൂ ഷോർട്ട് പുറത്തായി. പിന്നീട് വന്നവർക്കാർക്കും മികച്ച സ്കോറിലേക്കുയരാൻ കഴിയാതിരുന്നത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. ജോഷ് ഇൻഗ്ലീഷ് 12, ടിം ഡേവിഡ് 14, ജോഷ് ഫിലിപ്പി 10, മാർകസ് സ്റ്റോയിനിസ് 17 എന്നിങ്ങനെ സ്കോർ ചെയ്ത് പുറത്തായി. ഇന്ത്യൻ നിരയിൽ സ്പിന്നർ വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റുകളെടുത്തു. അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.