ഓർഗാനിക് ഉൽപ്പന്നങ്ങൾ 30-40% അധിക വില നേടുന്നതിനാൽ കരാർ വഴി കർഷകർക്ക് മികച്ച വരുമാനം നേടാനാകും. Dani California/ Unsplash
India

ജൈവ ഉൽപ്പന്നങ്ങളുടെ വ്യാപാരം, കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

ഇരു രാജ്യങ്ങളിലും വളർത്തി പ്രോസസ്സ് ചെയ്യുന്ന ഓർഗാനിക് ഉൽപ്പന്നങ്ങളെ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Elizabath Joseph

ന്യൂ ഡൽഹി: ജൈവ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കരാറിൽ ഒപ്പുവച്ചു ഇന്ത്യയും ഓസ്‌ട്രേലിയയും. ഇരു രാജ്യങ്ങളിലെയും വൈൻ, കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ജൈവ ഉൽപ്പന്നങ്ങളുടെ വ്യാപാരം സുഗമമാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി വാണിജ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. പരസ്പര അംഗീകാര ക്രമീകരണങ്ങൾ (Mutual Recognition Arrangements – MRA) പ്രകാരം, ഇരു രാജ്യങ്ങളുടെയും ജൈവ മാനദണ്ഡങ്ങളും സർട്ടിഫിക്കേഷൻ സംവിധാനങ്ങളും അംഗീകരിക്കും.

ഇന്ത്യയിലെ കാർഷിക-പ്രോസസ്സ് ചെയ്ത ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA)യും ഓസ്‌ട്രേലിയൻ സർക്കാരിന്റെ കാർഷികം, മത്സ്യബന്ധനം, വനം വകുപ്പ് (DAFF) ആണ് ഈ കരാർ നടപ്പിലാക്കുന്ന ഏജൻസികൾ. എംആർഎ പ്രകാരം ഇന്ത്യയുടെ ജൈവ കയറ്റുമതിയെ കൂടുതൽ ഉത്തേജിപ്പിക്കാനും തടസ്സങ്ങൾ കുറയ്ക്കാനും, സർട്ടിഫിക്കേഷൻ തുല്യത ഉറപ്പാക്കാനും, കൂടുതൽ ഓർഗാനിക് ഉൽപ്പന്നങ്ങളെയും നിർമ്മാതാക്കളെയും പിന്തുണയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇരു രാജ്യങ്ങളിലും വളർത്തി പ്രോസസ്സ് ചെയ്യുന്ന ഓർഗാനിക് ഉൽപ്പന്നങ്ങളെ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രോസസ്സ് ചെയ്യാത്ത സസ്യ ഉൽപ്പന്നങ്ങൾ, പ്രോസസ്സ് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, വൈൻ എന്നിവ ഉൾപ്പെടുന്നു. ഓർഗാനിക് ഉൽപ്പന്നങ്ങൾ 30-40% അധിക വില നേടുന്നതിനാൽ കർഷകർക്ക് മികച്ച ഉപജീവനം ലഭിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

2024-25 സാമ്പത്തിക വർഷത്തിൽ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ ഓർഗാനിക് കയറ്റുമതി 8.96 മില്യണ്‍ യുഎസ് ഡോളറിൽ എത്തി. മൊത്തം കയറ്റുമതി വോള്യം 2,781.58 മെട്രിക് ടണ്ണാണ്, ഇതിൽ പ്രധാനമായും ഇസബ്‌ഗോൾ (പ്സില്ലിയം ഹസ്ക്), തേങ്ങാപ്പാൽ, അരി എന്നിവയാണ്.

SCROLL FOR NEXT